പോസ്റ്റുകള്‍

മാര

ഇടമുറിയാതെ മഴപെയ്യാൻ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു ദിവസമാകുന്നു. ജയിലഴിയിലൂടെ ഇരച്ചു കയറിയ തണുപ്പ് മാരയുടെ നെഞ്ചിലെ കനൽക്കാറ്റിൽ തട്ടി പൊള്ളി അടർന്നു തെറിച്ചു. തണുത്ത തറയിൽ കൂനിക്കൂടിയിരുന്ന ആ ചെറുപ്പക്കാരനെ വലിച്ചെഴുന്നേൽപ്പിച്ച് പോലീസുകാരൻ നാഭി ലക്ഷ്യമാക്കി തൊഴിച്ചു. കറുത്ത ചുരുണ്ട മുടിയിൽ പിടിച്ചു വലിച്ച് തല കമ്പിയിലടിച്ചു. വേച്ചു വീഴാൻ പോകുന്നതിനിടയിൽ അവൻ അവ്യക്തമായി വൈഗ എന്നു വിളിച്ചു. അവൻ്റെ ഓർമ്മകളിൽ ചാക്കിൽ കെട്ടി അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിൽ ഒരു സ്ത്രീരൂപം തെളിഞ്ഞു വന്നു.  തിരിച്ചറിയാൻ പറ്റാത്തവിധം കൂർത്ത കമ്പി കൊണ്ട് മാംസം കീറിപ്പൊളിച്ചിരുന്നു. മാറിടം ഛേദിച്ചിരുന്നു. രക്തം കറുത്തപ്പശയായ് ഓടയിൽ ഒട്ടിപ്പരന്നൊഴുകിയിരുന്നു. നിലത്തു വീഴുന്നതിനിടയിൽ അവൻ ഒരിക്കൽക്കൂടി വിളിച്ചു. വൈഗ... "ഓയ് " കണ്ണെത്താ ദൂരത്തോളം ഒഴുകിപ്പരന്ന ചോല വനത്തിനിടയിൽ നിന്നും അവൾ വിളി കേട്ടു . ഓടി വന്നു അനുവാദം ചോദിക്കാതെ മടിയിൽ തല ചായ്ച്ചു കിടന്നു. മൂക്കിന് തുമ്പിൽ മുത്തു പോലെ ഉരുണ്ടുകൂടിയ വിയർപ്പുതുള്ളി വെള്ളാരം കല്ലു പോലെ തിളങ്ങുന്നുവെന്ന് ചെവിയിൽ പറഞ്ഞപ്പോൾ ഉറക്കം നടിച്ചു കിടന്ന മുഖത്ത് നേർത്ത...

ഇതൾ

ഇമേജ്
 പ്രിയ ദിയ, ഇത് ചിലപ്പോൾ എന്റെ അവസാനത്തെ എഴുത്താകാം. നിനക്ക് ഓരോ തവണ എഴുതുമ്പോഴും ഞാനീ കരിങ്കൽ ചുവരിൽ എന്റെ വിരൽത്തുമ്പിൽ നിന്നൂർന്ന രക്തത്താൽ അടയാളപ്പെടുത്താറുണ്ട്. ഈ മുറിയിലെ ഏക ജാലകത്തിലൂടെ വന്ന കാറ്റും മഴയും അതിൽ പോറൽ വീഴ്ത്തിയിട്ടുണ്ട്. എങ്കിലും ഞാനാ ജാലകം അടക്കാറില്ല. തണുത്തു മരവിച്ച ഈ മുറിയുടെ ഏക പ്രത്യാശ ആ ജാലകമാണ്                                                    ഇതൾ    പ്രിയ ഇതൾ, "ശരി തെറ്റുകൾക്കതീതമായ ലോകത്ത് ഒരു താഴ്‌വരയുണ്ട്  നിന്നെ ഞാനവിടെ വച്ച് സന്ധിക്കും നമ്മുടെ ആത്മാവ് ആ പുൽത്തകിടിൽ വിശ്രമിക്കുമ്പോൾ ഈ ലോകം അതിനെക്കുറിച്ചുള്ള ചർച്ചയിൽ മുഴുകും" പിഞ്ഞിക്കീറിയ കത്തിൽ തന്നെ മറുപടി ഒതുക്കി ദിയ അത് ഡയറിയിൽ വച്ചു. എഴുന്നേൽക്കാൻ ഭാവിച്ച് മേശയിൽ പിടിച്ചപ്പോൾ കയ്ത്തണ്ടയിലെ മുറിവുരഞ്ഞ് നേരിയ നോവു പടർത്തി.  ബെൽറ്റിനും ചൂരലിനും ശേഷം മഹി കണ്ടെത്തിയ പുതിയ പരീക്ഷണമാണ് സിഗരറ്റു കൊണ്ട് പൊള്ളിക്കൽ. ചിലപ്പോൾ കെട്ടിയിട്ട് മർദ്ദിക്കും ചിലപ...

ഒരു കേക്ക് കഥ

 അതൊരു ഡിസംബർ മാസമായിരുന്നു. ഞങ്ങൾ രണ്ടാം വർഷം പിജിക്ക് പഠിക്കുന്ന സമയം. കോളേജിന്റെ പല കോണിലായി ക്രിസ്തുമസ് ആഘോഷത്തിനും കേക്ക് മുറിക്കലിനുമായി പിരിവും ഒരുക്കങ്ങളും തകൃതിയായി നടക്കുന്ന സമയം. പണച്ചിലവുള്ള ഇത്തരം ബൂർഷ്വാ ആഢംബരങ്ങളിൽ വിശ്വാസമില്ലാത്ത കൊണ്ട്, സകല പിരിവുകാരുടേം കണ്ണ് വെട്ടിച്ച് കാന്റീനിൽ ഒത്തു കൂടി, കാന്റീനിലെ താത്തനെ സോപ്പിട്ട് ചപ്പാത്തിയും ചിക്കൻ കറിയും വാങ്ങി കഴിച്ച്,  ഇങ്ങടെ ചിക്കൻ കറിയിൽ ചാറു മാത്രേ ഉള്ളൂ താത്ത എറച്ചി ഇല്ല എന്ന് പരാതി പറഞ്ഞ്,  മൂപ്പത്തീടെ വല്യ പന്തിയില്ലാത്ത നോട്ടത്തിനോട് ഇളിച്ച് കാണിച്ച് എറങ്ങി പോരുമ്പോഴാണ് ഹനീറാന്റെ ഒട്ടും ഔചിത്യമില്ലാത്ത ചോദ്യം വന്നത്. "അല്ല മക്കളെ നമുക്ക് കേക്ക് മുറിക്കണ്ടേ സാറ് മാര്ക്കും ജൂനിയഴ്സിനും കൊടുക്കണ്ടേ " അല്ലേലും ഈ വക കൊനഷ്ട് ചോദ്യം ചോദിക്കാൻ അവളേ കൊണ്ടേ പറ്റൂ. ആദ്യത്തെ പിന്നേം ഒപ്പിക്കാം.  ഞങ്ങളുടെ കുഴപ്പം കൊണ്ടോ അതോ ഞങ്ങളൊഴികെ ബാക്കി എല്ലാരും തലതിരിഞ്ഞതായതു കൊണ്ടാണോ എന്നറിയില്ല ഡിപ്പാർട്ട്മെന്റിലും ജൂനിയഴ്സിന്റ ഇടയിലും ഞങ്ങൾക്ക് വല്യ മതിപ്പൊന്നും ഉണ്ടായിരുന്നില്ല.  ആ സാഹചര്യത്തിൽ രണ്ടാമത്തെ ന...

ചുഴി

ഇമേജ്
"രാമേട്ടനാണ്.  ഉണ്ണിക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. ഈ കത്ത് കുഞ്ഞിന് കിട്ടുമോയെന്നറിയില്ല.  ഓർഫനേജിൽ അന്വേഷിച്ചിട്ടാണ് കുഞ്ഞിന്റെ ഇപ്പോഴത്തെ അഡ്രസ് കിട്ടിയത്. സുഖമില്ലാതെ കിടപ്പാണ്. മരിക്കുന്നതിന് മുൻപ് കുഞ്ഞിനെ ഒന്ന് കാണണമെന്നുണ്ട്. കഴിയുമെങ്കിൽ ഒന്നിവിടം വരെ വരണം." പല അഡ്രസ്സുകളിലൂടെ കയ്മാറിവന്ന കത്ത് ചുളുങ്ങി കീറിയിരുന്നു. നിഖിൽ അത് മടക്കി പോക്കറ്റിൽ ഇട്ടു. ജാലകത്തിന് പുറത്ത് വഴിവിളക്കുകളും വാഹനങ്ങളുടെ ഹെഡ് ലൈറ്റും ചേർന്ന് നഗരത്തിന്റെ ഇരുട്ടിനെ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. "മണിക്കലിലേക്ക് പോകുന്നുണ്ടോ." സുമിത്രയുടെ കണ്ണിൽ ആശങ്ക കാണാം.  "തീരുമാനിച്ചിട്ടില്ല.   ഗോപു ഉറങ്ങിയോ?"    "ഉം."  ഇതു വരെ മണിക്കലിനെ മറവിയിൽ എവിടെയോ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇരുപതുവർഷം കഴിഞ്ഞ് വന്ന കത്ത് കുഴി തോണ്ടി ദുർഗന്ധം വമിക്കുന്ന ഓർമ്മകളെ പുറത്തെടുത്തു. അതിന് തണുത്തുറഞ്ഞ മരണത്തിന്റെ ഗന്ധമായിരുന്നു. *******************  "ഉണ്ണി ആ കിണറിന്റെ ഒതുക്കു കല്ലിൽ ഇരിക്കണ്ട. അത് ഇടിഞ്ഞിരിക്കുന്നത് കാണുന്നില്ലെ." ഗൗരി ചേച്ചി കുടത്തിൽ വെള്ളമെട...

ഓർമ്മക്ക്

വീണ്ടും വരണമെന്ന് വിചാരിച്ചതല്ല. വരാതിരുന്നാൽ ഒരായുസ്സിലെ ഓർമ്മകൾ യാത്ര പറയാതെ പടിയിറങ്ങുമെന്ന് ഭയന്നു പോയി. ബസ്സിറങ്ങി കുറച്ചു ദൂരം നടക്കാൻ ഉണ്ട്. ഈ പാതക്കും, ഇല്ലിക്കാടിനും, പാറക്കെട്ടിനും, ഇടവഴിക്കും അറിയുന്ന പോലെ എന്നെ മറ്റാർക്കും അറിയുമെന്ന് തോന്നുന്നില്ല. ഇപ്പോൾ എല്ലാത്തിനും അതിരുകൾ വന്നു. ഇടവഴിക്കും ഇല്ലിക്കും ഉടമസ്ഥർ ആയി. പഴയ ഓർമ്മയിൽ പരിചയം പുതുക്കാൻ ചെന്നാൽ ചിലപ്പോൾ കമ്പിവേലി തുളച്ച് കയറും. വഴിയിൽവെച്ചാണ് സാവിത്രി ചേച്ചിയെ കണ്ടത്.   "അമ്മ വന്നില്ലേ ? " "ഇല്ല. വരും " "ലീലാമ്മ ചേച്ചിയെ കണ്ടോ?"  "ഇല്ല കാണണം." പിന്നീടൊന്നും പറയാനില്ലാത്ത കൊണ്ട് ഒരു ചിരി വരുത്തി യാത്ര പറഞ്ഞു. ഈ കാടിനോടും ദൗർഭാഗ്യങ്ങളോടും ആദ്യം പൊരുതാൻ വന്നവരിൽ ഒരാൾ അവരാണ്, ലീലാമ്മ ചേച്ചി. അതുകൊണ്ട് അവർക്ക് ഒന്നിനോടും ഭയമില്ല. മനസ്സിൽ തോന്നുന്നത് ആരേയും കൂസാതെ ഉറക്കെപ്പറയും, മുണ്ടു മുറുക്കിയുടുത്ത് പടക്ക് നിക്കും, ഉറക്കെ ചിരിക്കും, സ്നേഹിക്കും, എല്ലുമുറിയെ പണി എടുക്കും.  രാത്രി മുറ്റത്ത് വള്ളിക്കട്ടിൽ ഇട്ടു കിടക്കുമ്പോൾ, മാവും പ്ലാവും തീർക്കുന്ന രൂപങ്ങൾ കണ്ട് ഭയപ്പെടുമ്പോൾ, മ...

കല്ലൂട്ടി പാറ

ഇമേജ്
ഇതാണാ സ്ഥലം. ചുവന്ന മൺപാതയിൽ നിന്നൽപ്പം മാറി, സ്വർണ്ണ പുല്ലിൽ പൊതിഞ്ഞ് പാറക്കെട്ടുകൾക്കിപ്പുറം. ഉച്ചനേരത്താണെങ്കിൽ ചൂടുകാറ്റ് വരണ്ട മൺപാതയിൽ ഉണക്കിലയും പൊടിയും കൊണ്ട് വട്ടം വരക്കാറുണ്ട്.    സ്വർണ്ണപ്പുല്ലുകൾക്ക് നടുക്കായി നിൽക്കുന്ന പൂളച്ചുവട്ടിൽ വച്ചാണ് പലപ്പോഴും ഞാൻ അമ്മുവേടത്തിയെ കണ്ടിട്ടുള്ളത്. വിറക് കെട്ട് പൂളയിൽ ചാരി വച്ച് പുല്ലിൽ കാൽ നീട്ടിയിരുന്ന് മുറുക്കുന്നുണ്ടാവും.  അടുത്ത് പോയിരുന്നാൽ കഥ പറഞ്ഞു തരും. ചിലപ്പോൾ മരകഷണം വെട്ടി ഒതുക്കി പാവയെ ഉണ്ടാക്കും. ഞാൻ അതിന്റെ തലയിൽ പൂളപ്പൂ വച്ച് അലങ്കരിക്കും. അമ്മുവേടത്തിയുടെ കഥയിൽ ആനയോളം പോന്ന പക്ഷി ഉണ്ടാവും, മൂന്നു കണ്ണുള്ള പൂച്ചയുണ്ടാവും മേഘങ്ങൾക്കിടയിൽ കൊട്ടാരം ഉണ്ടാവും.  അമ്മുവേടത്തി രാവിലെ നേരത്തെ വരും, ഉച്ചതിരിഞ്ഞ് വിറകുമായ് വന്ന് പൂളച്ചോട്ടിൽ വിശ്രമിക്കും. വിറകൊതുക്കി കെട്ടും, പച്ചിലയും വള്ളിയും വെച്ച് തെരുക്കുണ്ടാക്കും. ചെറുതൊരെണ്ണം എനിക്കും ഉണ്ടാക്കിത്തരും, ഞാൻ അത് തലയിൽ വച്ച് മുകളിൽ ചുള്ളികമ്പ് വച്ച് അമ്മുവേടത്തിയെ പോലെ നടക്കും, ക്ഷീണം ഭാവിച്ച് വിയർപ്പ് തുടച്ച് പൂളച്ചോട്ടിൽ ഇരിക്കും, കാലു നീട്ടി വച്ച് മുറ...