ഓർമ്മക്ക്

വീണ്ടും വരണമെന്ന് വിചാരിച്ചതല്ല. വരാതിരുന്നാൽ ഒരായുസ്സിലെ ഓർമ്മകൾ യാത്ര പറയാതെ പടിയിറങ്ങുമെന്ന് ഭയന്നു പോയി.

ബസ്സിറങ്ങി കുറച്ചു ദൂരം നടക്കാൻ ഉണ്ട്.
ഈ പാതക്കും, ഇല്ലിക്കാടിനും, പാറക്കെട്ടിനും, ഇടവഴിക്കും അറിയുന്ന പോലെ എന്നെ മറ്റാർക്കും അറിയുമെന്ന് തോന്നുന്നില്ല. ഇപ്പോൾ എല്ലാത്തിനും അതിരുകൾ വന്നു. ഇടവഴിക്കും ഇല്ലിക്കും ഉടമസ്ഥർ ആയി.
പഴയ ഓർമ്മയിൽ പരിചയം പുതുക്കാൻ ചെന്നാൽ ചിലപ്പോൾ കമ്പിവേലി തുളച്ച് കയറും.

വഴിയിൽവെച്ചാണ് സാവിത്രി ചേച്ചിയെ കണ്ടത്. 
 "അമ്മ വന്നില്ലേ ? "
"ഇല്ല. വരും "
"ലീലാമ്മ ചേച്ചിയെ കണ്ടോ?"
 "ഇല്ല കാണണം."
പിന്നീടൊന്നും പറയാനില്ലാത്ത കൊണ്ട് ഒരു ചിരി വരുത്തി യാത്ര പറഞ്ഞു.

ഈ കാടിനോടും ദൗർഭാഗ്യങ്ങളോടും ആദ്യം പൊരുതാൻ വന്നവരിൽ ഒരാൾ അവരാണ്, ലീലാമ്മ ചേച്ചി. അതുകൊണ്ട് അവർക്ക് ഒന്നിനോടും ഭയമില്ല. മനസ്സിൽ തോന്നുന്നത് ആരേയും കൂസാതെ ഉറക്കെപ്പറയും, മുണ്ടു മുറുക്കിയുടുത്ത് പടക്ക് നിക്കും, ഉറക്കെ ചിരിക്കും, സ്നേഹിക്കും, എല്ലുമുറിയെ പണി എടുക്കും.
 രാത്രി മുറ്റത്ത് വള്ളിക്കട്ടിൽ ഇട്ടു കിടക്കുമ്പോൾ, മാവും പ്ലാവും തീർക്കുന്ന രൂപങ്ങൾ കണ്ട് ഭയപ്പെടുമ്പോൾ, മുറ്റത്ത് മാവിൻ ചോട്ടിൽ ലീലാമ്മ ചേച്ചി ഉണ്ടോ എന്ന് നോക്കാറുണ്ടായിരുന്നു. ഉണ്ടെങ്കിൽ ധൈര്യമാണ്. പണ്ട് പ്രേതത്തെ ഓടിച്ച കഥ വീണ്ടും ചോദിച്ചാൽ റാന്തലിന്റെ തിരി താഴ്ത്തും, എന്നിട്ട് താഴ്ന്ന ശബ്ദത്തിൽ പറയും.
" അന്ന് ഇവിടെ ഞങ്ങളല്ലാതെ  മറ്റാരൂല്ല. ചുറ്റും കാട്. രാത്രി ഇടക്കിടക്ക് ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കും. ആരാ ചോദിച്ചാൽ മിണ്ടില്ല.
ഒരു ദിവസം കരച്ചിൽ കേട്ടപ്പോൾ ഞാനുറക്കെ ചീത്ത വിളിച്ചു. പിന്നെ അവൾ കരഞ്ഞിട്ടില്ല."

ചേച്ചി വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല.
ചിലപ്പോൾ പറമ്പിൽ പണിയെടുക്കുന്നുണ്ടാവും, ചേമ്പിനും ചേനക്കും മണ്ണ് കൂട്ടികൊടുക്കുന്നുണ്ടാവും, പുറകിലെ കാപ്പിച്ചെടികൾക്കിടയിൽ കിണറ്റിൻകരയിൽ അങ്ങിനെ എല്ലായിടത്തും ഓടി നടക്കുന്നുണ്ടാവും. എന്നിട്ടും മടുക്കാതെ ചക്കയോ കപ്പയോ കൊണ്ട് പലഹാരം ഉണ്ടാക്കും, പിള്ളേരെ വാ....ന്ന് ഉറക്കെ വിളിക്കും.

ഇടവഴിയിൽ കാടുമൂടിയതുകൊണ്ട് മെയിൻ റോഡിൽ കൂടിയാണ് ഞാൻ വന്നത്. കിണറ്റിൻ ചോട്ടിൽ ആരുമുണ്ടായിരുന്നില്ല. മറിയ കുട്ടി അമ്മാമ ഉണ്ടായിരുന്നുവെങ്കിൽ എന്തെങ്കിലും വിശേഷം ചോദിക്കുമായിരുന്നു. ഇപ്പോൾ അവിടെയും ആരുമില്ല. മുറ്റത്തെല്ലാം കാടുപിടിച്ചിട്ടുണ്ട്.

അകത്തേ മുറിയിലെ കട്ടിലിലാണ് ലീലാമ്മ ചേച്ചി കിടക്കുന്നത്. ഞാൻ അവസാനമായി കാണുമ്പോഴേ മറവി തുടങ്ങിയിരുന്നു. ഇപ്പോൾ ഓർക്കുന്നുണ്ടോ എന്ന് സംശയമാണ്.
മുടി പോയി. പെൻസിൽ പോലെ നേർത്തിരുന്നു. അടുത്തിരുന്നപ്പോൾ എന്തോ ഓർത്തെന്നോണം എന്റെ കവിളിൽ തൊട്ടു. കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു. എന്തോ പറയാൻ ശ്രമിച്ചു. എന്നെ മറന്നോ എന്നാണോ ആ നോട്ടത്തിനർത്ഥം. ഓർക്കാറുണ്ടായിരുന്നില്ല, ഒന്ന് കാണാൻ ശ്രമിച്ചതുമില്ല അതാണ് യാഥാർത്ഥ്യം. പല നിറങ്ങളിൽ ചാലിച്ച ഓർമ്മകൾക്കൊപ്പം പലതും ഞാൻ മറവിയിൽ ഉപേക്ഷിച്ചിരുന്നു. ഇനി അവ തിരിച്ചുകിട്ടിയാലും പഴയ തിളക്കം കാണണമെന്നില്ല.

മുറി വിട്ടിറങ്ങുമ്പോൾ കാപ്പിച്ചെടികൾക്കിടയിലും, പറമ്പിലും ലീലാമ്മ ചേച്ചി ഉണ്ടായിരുന്നു. മഴയത്ത് ചേമ്പിനും ചേനക്കും മണ്ണു കൂട്ടികൊടുക്കുന്നുണ്ടായിരുന്നു. വേനലിൽ മാവിൻ ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. കളി പറയുന്നുണ്ടായിരുന്നു.
 പിള്ളേരെ വാ .....എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാര

കല്ലൂട്ടി പാറ