കല്ലൂട്ടി പാറ


ഇതാണാ സ്ഥലം. ചുവന്ന മൺപാതയിൽ നിന്നൽപ്പം മാറി, സ്വർണ്ണ പുല്ലിൽ പൊതിഞ്ഞ് പാറക്കെട്ടുകൾക്കിപ്പുറം.

ഉച്ചനേരത്താണെങ്കിൽ ചൂടുകാറ്റ് വരണ്ട മൺപാതയിൽ ഉണക്കിലയും
പൊടിയും കൊണ്ട് വട്ടം വരക്കാറുണ്ട്. 

  സ്വർണ്ണപ്പുല്ലുകൾക്ക് നടുക്കായി നിൽക്കുന്ന പൂളച്ചുവട്ടിൽ വച്ചാണ് പലപ്പോഴും ഞാൻ അമ്മുവേടത്തിയെ കണ്ടിട്ടുള്ളത്. വിറക് കെട്ട് പൂളയിൽ ചാരി വച്ച് പുല്ലിൽ കാൽ നീട്ടിയിരുന്ന് മുറുക്കുന്നുണ്ടാവും. 

അടുത്ത് പോയിരുന്നാൽ കഥ പറഞ്ഞു തരും. ചിലപ്പോൾ മരകഷണം വെട്ടി ഒതുക്കി പാവയെ ഉണ്ടാക്കും. ഞാൻ അതിന്റെ തലയിൽ പൂളപ്പൂ വച്ച് അലങ്കരിക്കും.

അമ്മുവേടത്തിയുടെ കഥയിൽ ആനയോളം പോന്ന പക്ഷി ഉണ്ടാവും, മൂന്നു കണ്ണുള്ള പൂച്ചയുണ്ടാവും മേഘങ്ങൾക്കിടയിൽ കൊട്ടാരം ഉണ്ടാവും. 

അമ്മുവേടത്തി രാവിലെ നേരത്തെ വരും, ഉച്ചതിരിഞ്ഞ് വിറകുമായ് വന്ന് പൂളച്ചോട്ടിൽ വിശ്രമിക്കും. വിറകൊതുക്കി കെട്ടും, പച്ചിലയും വള്ളിയും വെച്ച് തെരുക്കുണ്ടാക്കും. ചെറുതൊരെണ്ണം എനിക്കും ഉണ്ടാക്കിത്തരും, ഞാൻ അത് തലയിൽ വച്ച് മുകളിൽ ചുള്ളികമ്പ് വച്ച് അമ്മുവേടത്തിയെ പോലെ നടക്കും, ക്ഷീണം ഭാവിച്ച് വിയർപ്പ് തുടച്ച് പൂളച്ചോട്ടിൽ ഇരിക്കും, കാലു നീട്ടി വച്ച് മുറുക്കുന്നതായി ഭാവിക്കും.
അതു കാണുമ്പോൾ വെറ്റില കറ വീണ പല്ലുകാട്ടി അമ്മുവേടത്തി ചിരിക്കും, മുഖത്ത് തിരമാല പോലെ ചുളിവുകൾ തെളിയും. 

ഇപ്പോ ഇവിടെയാരും വിറകിന് വരാറില്ല. അമ്മുവേടത്തിയും കൂട്ടരും പോയിരുന്ന കാട്ടുവഴിയിലിപ്പോൾ അടിക്കാടും മുൾപ്പടർപ്പും വളർന്നു. 

കാട്ടുവഴിക്ക് മുന്നിലായി പാറക്കെട്ടിനിപ്പുറത്തായി, കാണുന്നതാണ് കല്ലൂട്ടി പാറ. ഇപ്പോൾ അതിനെയും മുള്ളുമൂടി. കാട്ടിൽ പോകുന്നവർ പോകുന്ന വഴിക്ക് അവിടെ കല്ലിടും. അങ്ങനെ ചെയ്താൽ വഴിതെറ്റില്ല എന്നാണ് വിശ്വാസം .

"കല്ലൂട്ടിയിൽ കല്ലിടാൻ മറന്നാലോ? അപ്പോ അവർക്ക് തിരിച്ചു വരാൻ പറ്റില്ലേ?."
അതിനും അമ്മുവേടത്തി ചിരിക്കും. 
"കാട്ടിൽ പോകാൻ കാടു ഭരിക്കുന്ന ദേവിയുടെ അനുവാദം വാങ്ങണം. അതിനാ ഇവിടെ കല്ലിടുന്നെ."
"അതേതുദേവി?"
"ആ കാണുന്ന മല പണ്ടൊരു ലോറിയായിരുന്നു. വണ്ടി നിറയെ ചീവക്കയുമായി പോകുമ്പോഴാണ് ദേവി മുന്നിൽ വന്നത്. ലോറികാരനോട് കുറച്ച് ചീവക്ക  ചോദിച്ചു. "
"ന്നിട്ട് കൊടുത്തോ? "
"ഇല്ല. ദേവിക്ക് ദേഷ്യം വന്നു. ലോറി ഉൾപ്പെടെ കല്ലാക്കി."
"കല്ലാക്കിയത് ന്തിനാ? അത്ര ശക്തിയുണ്ടേൽ ചീവക്ക ഉണ്ടാക്കാലോ?"
അതിനും അമ്മുവേടത്തി വെറ്റില കറ വീണ പല്ലു കാട്ടി ചിരിക്കും.  
"അനുവാദം ചോദിക്കാതെ പോയാൽ ന്താണ്ടാവാ?"
"ഉൾക്കാടിൽ വഴി തെറ്റും. കാട് ആകർഷിച്ച് ദൂരെ കൊണ്ടു പോവും. വഴി മറക്കും, ഇടം മറക്കും, നിലമറക്കും.
പിന്നെ മണ്ണിന് മണ്ണാവും, കാറ്റിന് കാറ്റായി അലയും."
"ന്നിട്ടോ?"
"പുതു മറവിക്കാരെ ഉൾക്കാടിലേക്ക് ആകർഷിക്കും."
അമ്മുവേടത്തി അങ്ങനെയാണ്, എല്ലാത്തിനും കഥ പറയും. 

അടിക്കാട് വളർന്നതിനാൽ കാട്ടിൽ പോകാൻ കുറച്ച് ബുദ്ധിമുട്ടാണ്. കമ്പുകൊണ്ട് വഴിക്കു കുറുകെ നിന്ന കാടൊതിക്കി, കൈ തളർന്നു. വാക്കത്തി പോലും എടുക്കാതെ തനിച്ചു വരേണ്ടിയിരുന്നില്ല. പുല്ലാണി വള്ളി സർപ്പം പോലെ മരങ്ങളെ ചുറ്റി വഴിക്കു കുറുകേ വളർന്ന് നിൽക്കുന്നതിനാൽ തല കുനിച്ച് പോകേണ്ടി വന്നു. പോകുന്ന വഴിക്ക് ഒരു പിടി കുന്നിക്കുരുവും കയ്കലാക്കി. എനിക്കായി കുന്നിക്കുരുവും മഞ്ചാടിയും വഴി ഒരുക്കി. കാറ്റിനെ ചെമ്പകം മണത്തു, ചിലപ്പോൾ ഇവിടെ അടുത്തു തന്നെ കാണും, നിലത്തൊരുപാട് പൂക്കൾ വീണു കിടക്കുന്നുണ്ടാവും. അടുത്തെവിടെയോ മരം വെട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഇപ്പഴും ഇവിടെ മരം വെട്ടാറുണ്ടോ? 

ചിലപ്പോൾ അറിയുന്ന ആരേങ്കിലും ആവും. അടുത്തേക്ക് പോകുന്തോറും ശബ്ദം കേൾക്കാതായി. എവിടെയാണ് വന്ന് പെട്ടത്?.. 
ചുറ്റും പുല്ലാണി പടർപ്പല്ലാതെ വന്ന വഴികാണുന്നില്ല.  വഴി തെറ്റിയോ?. സന്ധ്യയുടെ ശേഷിച്ച വെളിച്ചവും കാട്ടിലെവിടെയോ പോയൊളിച്ചു.  പുല്ലാണി പടർപ്പിലൂടെ തിരിച്ചിറങ്ങാൻ നോക്കവേ കാറ്റിനെ ചെമ്പകം മണത്തു. 
 വഴി ഒരുക്കി നിന്ന കുന്നിക്കുരു ചെടിയെ തൊട്ടപ്പോൾ മനസ്സു മന്ത്രിച്ചു.... വഴി മറക്കും, ഇടം മറക്കും, നില മറക്കും, മണ്ണിന് മണ്ണാവും കാറ്റിന് കാറ്റായ് അലയും....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാര

ഓർമ്മക്ക്