ഒരു കേക്ക് കഥ

 അതൊരു ഡിസംബർ മാസമായിരുന്നു.

ഞങ്ങൾ രണ്ടാം വർഷം പിജിക്ക് പഠിക്കുന്ന സമയം.

കോളേജിന്റെ പല കോണിലായി ക്രിസ്തുമസ് ആഘോഷത്തിനും കേക്ക് മുറിക്കലിനുമായി പിരിവും ഒരുക്കങ്ങളും തകൃതിയായി നടക്കുന്ന സമയം.

പണച്ചിലവുള്ള ഇത്തരം ബൂർഷ്വാ ആഢംബരങ്ങളിൽ വിശ്വാസമില്ലാത്ത കൊണ്ട്, സകല പിരിവുകാരുടേം കണ്ണ് വെട്ടിച്ച് കാന്റീനിൽ ഒത്തു കൂടി, കാന്റീനിലെ താത്തനെ സോപ്പിട്ട് ചപ്പാത്തിയും ചിക്കൻ കറിയും വാങ്ങി കഴിച്ച്,  ഇങ്ങടെ ചിക്കൻ കറിയിൽ ചാറു മാത്രേ ഉള്ളൂ താത്ത എറച്ചി ഇല്ല എന്ന് പരാതി പറഞ്ഞ്,
 മൂപ്പത്തീടെ വല്യ പന്തിയില്ലാത്ത നോട്ടത്തിനോട് ഇളിച്ച് കാണിച്ച് എറങ്ങി പോരുമ്പോഴാണ് ഹനീറാന്റെ ഒട്ടും ഔചിത്യമില്ലാത്ത ചോദ്യം വന്നത്.

"അല്ല മക്കളെ നമുക്ക് കേക്ക് മുറിക്കണ്ടേ
സാറ് മാര്ക്കും ജൂനിയഴ്സിനും കൊടുക്കണ്ടേ "

അല്ലേലും ഈ വക കൊനഷ്ട് ചോദ്യം ചോദിക്കാൻ അവളേ കൊണ്ടേ പറ്റൂ.
ആദ്യത്തെ പിന്നേം ഒപ്പിക്കാം.
 ഞങ്ങളുടെ കുഴപ്പം കൊണ്ടോ അതോ ഞങ്ങളൊഴികെ ബാക്കി എല്ലാരും തലതിരിഞ്ഞതായതു കൊണ്ടാണോ എന്നറിയില്ല ഡിപ്പാർട്ട്മെന്റിലും ജൂനിയഴ്സിന്റ ഇടയിലും ഞങ്ങൾക്ക് വല്യ മതിപ്പൊന്നും ഉണ്ടായിരുന്നില്ല.
 ആ സാഹചര്യത്തിൽ രണ്ടാമത്തെ നിർദേശം അത്ര സുഖമുള്ളതായിരുന്നില്ല.

"വേണേൽ ഡിപ്പാർട്ട്മെന്റീന്ന് കേക്ക് മുറിച്ച് നമ്മക്ക് തരട്ടേ "
അനിലാന്റെ നിർദേശവും വന്നു.

"എനിക്ക് എച്ച് ഒ ഡി കേക്ക് തന്നാ മതി"

പഴയ ഇന്റേണൽ മാർക്കിന്റെ പേരിലുള്ള ഒടക്കിന്റെ ഓർമ്മയിൽ പൊടിക്ക് കാര്യമായി തന്നെയാണ് ലൈല അത് പറഞ്ഞത്.
ആലോചിച്ചപ്പോൾ തെറ്റില്ല. 
 കുറച്ച്‌ ദേഷ്യക്കാരനും മൂരാച്ചിയുമായ എച്ച് ഒ ഡി പതിവിലധികം ചിരിയായി വന്ന് ഇതാ എന്റെ പ്രിയപ്പെട്ട കുട്ടികൾക്ക് കേക്ക് എന്ന് പറഞ്ഞു കേക്ക് തരുന്നതിലെ കാവ്യാത്മകത ഒന്നു വേറെ തന്നെ ആണ്.

"എനിക്ക് ബ്ലാക് ഫോറസ്റ്റ് മതി"
വിശ്യ മനോരാജ്യം കെട്ടി കേക്ക് തിന്നുന്നത് വരെ എത്തി.

 "ബ്ലാക് ഫോറസ്റ്റിൽ മുന്തിരി വേണോ പ്ലം വേണോ? "
ഫൈറു മനോരാജ്യത്തിൽ ഇഷ്ടിക വച്ച് വീടുണ്ടാക്കി.

"കൊറച്ച് ഓറഞ്ചും ആപ്പിളും സബർ ജില്ലിം കൂടി വേണം"
ഫസീല കേക്കിൽ ഒരു പഴക്കട കൊണ്ടുവരുന്ന അലോചനയിലായിരുന്നു.

" അത് വേണ്ട ഡീ....ഓറഞ്ചിട്ടാൽ കേക്ക് പുളിക്കും." 
വിശ്യ ആ സാധ്യതയും പരിശോധിച്ചു.

അല്ലേലും വിശ്യ ഒരു പിന്തിരിപ്പൻ മൂരാച്ചിയാണ്. ഇത്തരം നൂതന പരീക്ഷണങ്ങളോട് മുഖം തിരിച്ചാണ് അവൾക്ക് ശീലം.
അങ്ങനെ കേക്ക് മനോരാജ്യം കെട്ടി അവസാന മിനുക്കു പണികളിൽ ഏർപ്പെട്ടുകൊണ്ടു നിൽക്കുമ്പോഴാണ് സകലതും നശിപ്പിക്കാനായി പാഷണത്തിൽ കൃമി എന്നോണം ഒരു ഡിഗ്രി ജൂനിയർ മുന്നിൽ വന്ന് പെട്ടത്.

"അല്ല ചേച്ചിമാരെ നിങ്ങൾ കേക്ക് മുറിക്കുന്നില്ലേ. നിങ്ങൾ അല്ലേ സീനിയർസ് ".

അവന്റെ ചൊറിയൻ ചോദ്യം കേട്ട് ഫൈറു കട്ട കലിപ്പ് മൂഡിൽ എത്തിയിരുന്നു.

"ഒന്ന് പോടേർക്കാ. നിനക്ക് എന്തൊക്കെ അറിയണം. "

"അയ്ന് ങ്ങളെന്തിനാ താത്ത ചൂടാവണത്. നിങ്ങടെ ഫസ്റ്റിയർസ് ഡിപ്പാർട്ട്മെന്റിൽ കേക്ക് കൊണ്ട് വച്ചിട്ടുണ്ട്, ".

കേട്ടത് സത്യമാണോ?
 കൊറച്ച് മുന്ന് കെട്ടി പൊക്കിയ കേക്ക് കൊട്ടാരം തകർന്ന് താഴെ വീഴണ മുന്നേ പടി കേറി ഡിപ്പാർട്ട്മെന്റിന് മുന്നിൽ എത്തി.
 ഒപ്പിടണ വ്യാജേന ചുറ്റും ഒന്ന് കണ്ണോടിച്ചു.
സംഭവം ശരിയാണ് മേശപ്പുറത്ത് നന്നായി പാക്ക് ചെയ്ത് ദേ ഇരിക്കുന്നു ഒരു കേക്ക്.
അനില പാക്കറ്റ് പൊട്ടിച്ച് തുറന്നു നോക്കി. 
ബ്ലാക് ഫോറസ്റ്റാണ്. ഇനി എന്തു വേണം എന്ന ഭാവത്തിൽ ചുറ്റും നോക്കി കണ്ണുരുട്ടി .

"നമുക്ക് തിന്നാ ". 

കോൾഗേറ്റ് മാക്സ് ഫ്രഷ് ജെല്ലിന്റെ പരസ്യത്തെ അനുസ്മരിപ്പിക്കും വിധം ഫൈറു മുഴുവൻ പല്ലും പൊറത്തു കാട്ടി ചിരിച്ചു.

"അത്രക്കു വേണോ?"
ഹനീറയാണ്. അവളുടെ കൊനഷ്ട് ചോദ്യം.
 ഇങ്ങോട്ട് കേറുന്ന വഴി ജന്തൂനെ വല്ല കാട്ടിലും കളയാരുന്നു.

"വേണം. ആ ചെക്കൻ നമ്മളെ പുച്ഛിച്ചത് കണ്ടില്ലേ. " 
ഫൈറൂന് കലിപ്പ് തീരുന്നുണ്ടായിരുന്നില്ല

"ങ്ങളൊക്കെ ടീച്ചറായാൽ പിള്ളാര് കഷ്ടപ്പെടുംന്നും പറഞ്ഞു. "
വിശ്യ അവളുടേതായ രീതിയിൽ ചേർത്ത ചെറിയ കൂട്ടിച്ചേർക്കലിൽ വെളുക്കനെ ചിരിച്ചു.

"പക്ഷേ കാര്യം അതൊന്നുമല്ല."

ലൈല വിഷയത്തെ താത്വികമായി അവലോകനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു.

"കേക്കല്ലേ .. ഫുൾ പഞ്ചാര .
പ്രമേഹം, ഹൃദയാഘാതം എല്ലാത്തിനും കാരണമാവും. നമ്മുടെ സർ മാര്ടെ ജീവൻ നമ്മളല്ലെ രക്ഷിക്കണ്ടത് ഹനീറ."

ആലോചിച്ചപ്പോൾ ശരിയാണ്.
കേക്കൊക്കെ സാമ്രാജ്യത്വ ശക്തികൾ വികസ്വര രാഷ്ട്രത്തിലെ വിദ്യാഭ്യാസ വ്യവസ്ഥയെ തകർക്കാൻ നിർമ്മിച്ച ഗൂഢ നീക്കത്തിന്റെ ഫലമാണ്. 
പാവം നമ്മുടെ ജൂനിയർ ഇതൊന്നും അറിയാതെ പെട്ടു പോയതാണ്.
അങ്ങനെ മനസ്സില്ലാ മനസ്സോടെ സ്വന്തം ആരോഗ്യം പണയം വച്ച് കേക്ക് മുഴുവൻ തിന്ന് ക്ലാസ്സിൽ കേറി മ്ലാനതയോടെ അട്ടത്തുനോക്കി നിൽമ്പോഴാണ് വാതിലിൽ ഒരു മുട്ടു കേട്ടത്.
നോക്കുമ്പോ ഞങ്ങടെ കേക്ക് ജൂനിയർ ആണ്. 
പാവം ഒരൽപം സങ്കോചത്തോടെ നിൽക്കുകയാണ്.

പാവം പൈതൽ, അവളുൾപ്പെടുന്ന വിദ്യാർത്ഥി സമൂഹത്തിന് വേണ്ടി അവളുടെ സീനിയർസ് ചെയ്ത ത്യാഗത്തെ കുറിച്ച് അവൾക്ക്‌ എന്തറിയാം.

"താത്ത നിങ്ങൾ ഡിപ്പാർട്ട് മെന്റിൽ വെച്ച കേക്ക് കണ്ടോ? "

അവളുടെ കഴമ്പില്ലാത്ത ആരോപണത്തേക്കാൾ ഫൈറൂനെ വേദനിപ്പിച്ചത് അദൃശ്യ സാമ്രാജ്യത്വ ശക്തിയുടെ കയ്യിലെ കളിപ്പാവയാണല്ലോ ഈ കുട്ടി എന്നതാണ് . 
നയത്തിൽ കാര്യം പറഞ്ഞാൽ ആ കുട്ടിക്ക് മനസ്സിലാവില്ലാ എന്ന് തോന്നിയതുകൊണ്ട് ഒരു പൊടിക്ക് ദേഷ്യപ്പെടണ്ടി വന്നു.

അങ്ങനെ മനസ്സിലെ ഉറവ വറ്റാത്ത നന്മയെ കുറിച്ച് ആലോചിച്ച് ആശ്വാസത്തോടെ  കതകടക്കുമ്പോൾ ലോകനന്മക്ക് വേണ്ടി ഞങ്ങൾ ചെയ്ത സേവനത്തിന് നാളെ കനത്തിൽ എന്തേലും സമ്മാനം കിട്ടും എന്ന ശുഭ പ്രതീക്ഷയിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും . 
അത് ശരിവച്ച് കൊണ്ട് ചുമരിൽ ഒരു ഗൗളി പല്ലിളിച്ച്‌ കാണിച്ചു.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാര

കല്ലൂട്ടി പാറ

ഓർമ്മക്ക്