ഇതൾ
പ്രിയ ദിയ,
ഇത് ചിലപ്പോൾ എന്റെ അവസാനത്തെ എഴുത്താകാം.
നിനക്ക് ഓരോ തവണ എഴുതുമ്പോഴും ഞാനീ കരിങ്കൽ ചുവരിൽ എന്റെ വിരൽത്തുമ്പിൽ നിന്നൂർന്ന രക്തത്താൽ അടയാളപ്പെടുത്താറുണ്ട്.
ഈ മുറിയിലെ ഏക ജാലകത്തിലൂടെ വന്ന കാറ്റും മഴയും അതിൽ പോറൽ വീഴ്ത്തിയിട്ടുണ്ട്.
എങ്കിലും ഞാനാ ജാലകം അടക്കാറില്ല.
തണുത്തു മരവിച്ച ഈ മുറിയുടെ ഏക പ്രത്യാശ ആ ജാലകമാണ്
ഇതൾ
പ്രിയ ഇതൾ,
"ശരി തെറ്റുകൾക്കതീതമായ ലോകത്ത് ഒരു താഴ്‌വരയുണ്ട്
നിന്നെ ഞാനവിടെ വച്ച് സന്ധിക്കും
നമ്മുടെ ആത്മാവ് ആ പുൽത്തകിടിൽ വിശ്രമിക്കുമ്പോൾ
ഈ ലോകം അതിനെക്കുറിച്ചുള്ള ചർച്ചയിൽ മുഴുകും"
പിഞ്ഞിക്കീറിയ കത്തിൽ തന്നെ മറുപടി ഒതുക്കി ദിയ അത് ഡയറിയിൽ വച്ചു.
എഴുന്നേൽക്കാൻ ഭാവിച്ച് മേശയിൽ പിടിച്ചപ്പോൾ കയ്ത്തണ്ടയിലെ മുറിവുരഞ്ഞ് നേരിയ നോവു പടർത്തി.
ബെൽറ്റിനും ചൂരലിനും ശേഷം മഹി കണ്ടെത്തിയ പുതിയ പരീക്ഷണമാണ് സിഗരറ്റു കൊണ്ട് പൊള്ളിക്കൽ.
ചിലപ്പോൾ കെട്ടിയിട്ട് മർദ്ദിക്കും ചിലപ്പോൾ സിഗരറ്റു കൊണ്ട് പൊള്ളിക്കും,
നിന്റെ കണ്ണുനീർ തുള്ളിയോടു പോലും എനിക്ക് അഗാധ പ്രണയമാണെന്ന് പുലമ്പും
രാവിലെ അതേ മുറിവിൽ മരുന്നു വച്ച് കെട്ടും.
കട്ടിലിൽ കിടക്കുന്ന ഈ മനുഷ്യനെ താനൊരിക്കൽ ഒരുപാടു സ്നേഹിച്ചിരുന്നു എന്ന തോന്നൽ പോലും ദിയയിൽ ഭയമുളവാക്കി.
നോവുകളോട് ശരീരവും മനസ്സും പൊരുത്തപ്പെടാൻ തുടങ്ങിയോ എന്നു തോന്നിയിടത്തുന്നിന്നാണ് ഒരിക്കലും തുറക്കില്ലെന്ന് കരുതി മൂടിവെച്ച ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്കിന് ദിയ മനസ്സുകൊണ്ട് തയ്യാറായത്.
അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഒരു കറുത്ത ബാഗിലെടുത്തു. ചുണ്ടിലേയും കവിളിലേയും മുറി പാടുകൾ ചമയങ്ങൾ കൊണ്ട് മറക്കാൻ ഒരു വിഫല ശ്രമം നടത്തി.
പുറത്ത് നഗരത്തിന്റെ ചൂടിലേക്ക് ദിയ ഇറങ്ങുമ്പോൾ, മഹി അപ്പോഴും ഉറക്കത്തിലായിരുന്നു.
🍁🍁🍁🍁🍁🍁
ദിയയുടെ ചലനമറ്റ മനസ്സിനോട് മത്സരിക്കാൻ നിൽക്കാതെ നഗരം അതിന്റെ ഒഴുക്ക് തുടർന്നു. റെയിൽവേ സ്റ്റേഷനിലെ കാത്തിരുപ്പ് കേന്ദ്രത്തിൽ അവൾ അലക്ഷ്യമായിരുന്നു.
നിത്യവൃത്തിക്കായോടുന്ന സാധാരണക്കാർ തൊട്ട് ബഹളക്കാരായ കുട്ടികളും ഗൗരവക്കാരായ മുതിർന്നവരും ചേർന്ന് അവൾക്ക് ചുറ്റും അവളിലെ മൗനത്തെ ഉടക്കാതെ മറ്റൊരു ലോകം സൃഷ്ടിച്ചു.
ഇതു പോലൊരു ചൂടൻ പകലിലാണ് ദിയ മഹിയെ ആദ്യമായി കാണുന്നത്.
'ദിയ അല്ലെ!'
തന്റെ പിന്നിലെ അരഭിത്തിയിൽ ചാരി, ചെറുചിരിയോടെ തന്നെ ഉറ്റുനോക്കിക്കൊണ്ട് നിൽക്കുന്ന ചെറുപ്പക്കാരനെ ദിയ സംശയത്തോടെ സൂക്ഷിച്ചു നോക്കി.
"അങ്ങനെ നോക്കാതെടോ
ഞാൻ മഹി. "
ഒരു പരിചയപ്പെടലിനായി മുന്നോട്ടു നീട്ടിയ കയ്യോട് ദിയ പ്രതികരിക്കാഞ്ഞപ്പോൾ ചിരിയോടെ മഹി കയ് പിൻവലിച്ചു.
'വരൂ ഒരു ചായ കുടിക്കാം.'
എന്നെ എങ്ങനെയറിയാം.?
'ജന്മാന്തര ബന്ധം.
കഴിഞ്ഞ ജന്മത്തിൽ താനെന്റെ മുത്തശ്ശിയായിരുന്നു.'
മഹി ചുണ്ടു കോട്ടി പരിഹസിച്ചു .
'ഒരു ചായ കുടിക്കാൻ പോലും ഇത്രയേറെ ചോദ്യങ്ങളോ?
പാലക്കാട്ടേക്കല്ലേ.
ട്രെയിൻ ഒരു മണിക്കൂർ ലേറ്റാണ്. ഏന്റെ നാട്ടുകാരിയെ ഈ തിരക്കിൽ ഉപേക്ഷിച്ചു പോകാൻ മനസ്സു വരുന്നില്ല. '
മറുപടിക്ക് കാത്തു നിൽക്കാതെ മഹി കയ് പിടിച്ച് മുന്നോട്ടു വലിച്ചു.
അതായിരുന്നു തുടക്കം.
പിന്നീട് അവധിക്ക് നാട്ടിൽ പോകുമ്പോഴെല്ലാം ആ കണ്ടുമുട്ടൽ ഒരു പതിവായി.
പരിചയം സൗഹൃദമായി.
സൗഹൃദം എപ്പോഴാണ് പ്രണയമായത്.
മഹിയുടെ ആത്മവിശ്വാസത്തിനോടും ഇടിച്ചു കയറിയുള്ള സംസാരത്തിനോടും എപ്പോഴോ ആരാധന തോന്നി.
കറുത്ത കണ്ണുകളോടും നെറ്റിയിൽ പാറിക്കളിക്കുന്ന മുടിയിഴകളോടും ആകർഷണം തോന്നി. ചുംബിക്കാനാഞ്ഞ ശേഷം പിൻവാങ്ങിയപ്പോൾ കണ്ണിലെ കുസൃതിത്തിളക്കത്തിനോട് പ്രണയം തോന്നി.
"എന്റെ പ്രണയം കൊണ്ട് ഞാനൊരു സൗധം പണിയും
നിന്നെ ഞാനതിൽ ബന്ധിക്കും.
എന്റെ മോഹങ്ങൾ സൗധത്തിന് കാവൽ നിൽക്കും.
നിന്റെ കണ്ണുകൾ
എന്നെ കാണാൻ മാത്രം
നിന്റെ കാതുകൾ
എന്നെ കേൾക്കാൻ മാത്രം."
"എനിക്ക് ശ്വാസം മുട്ടില്ലേ "
"നിനക്ക് പ്രണയത്തിന്റെ നിയമങ്ങളെക്കുറിച്ച് എന്തറിയാം."
മഹി പുച്ഛത്തോടെ തല വെട്ടിച്ചു.
"പ്രണയത്തിന് നിയമങ്ങളോ?"
'പ്രണയത്തിന്റെ നിയമങ്ങളാണ് ഈ ലോകം ഭരിക്കുന്നത്.'
ജാലകത്തിൽ തന്റെ ഇരക്കായി വല നെയ്യുന്ന എട്ടുകാലി വെളിപ്പെടാതിരിക്കാൻ മഹി ജനലുകൾ വലിച്ചടച്ചു.
🍁🍁🍁🍁🍁🍁🍁🍁
ഇത്ര പെട്ടെന്നോ?
മഹിയേക്കുറിച്ച് പറഞ്ഞപ്പോൾ ഇതൾ ചോദ്യഭാവത്തിൽ പുരികമുയർത്തി.
നിനക്കയാളെക്കുറിച്ച് എന്തെങ്കിലും അറിയ്യോ..?
ഇങ്ങനെത്തന്നെയല്ലെ പരിചയപ്പെടുക.
നിനക്ക് ഭ്രാന്താണ്.
നിനക്ക് അസൂയ ആണ്.
ഹാ.എനിക്ക് അസൂയ ആണ്. ഇതൾ വേദനയോടെ ചിരിച്ചു.
മനസ്സിലായില്ല.?
അതിന് നീ എപ്പോഴെങ്കിലും എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?
നിറഞ്ഞു വന്ന കണ്ണുകളെ എന്നിൽ നിന്നു മറക്കാൻ ഇതൾ തല കുനിച്ച് സൂചിപ്പുല്ലുകളെ ഓമനിച്ചു നിന്നു.
🍁🍁🍁🍁🍁🍁🍁🍁🍁🍁
ഞാനല്ലെ ആദ്യം കേറിയെ എനിക്ക് വിൻഡോ സീറ്റു വേണം
പറ്റില്ല ഞാനല്ലെ ചെറുത് എനിക്ക് വേണം.
ഒരു തർക്കം കേട്ടാണ് ദിയ ഉറക്കമുണർന്നത്.
നോക്കുമ്പോൾ ഏഴോ എട്ടോ വയസ്സു വരുന്ന രണ്ട് കുസൃതിക്കുരുന്നുകൾ ബസ്സിലെ സൈഡ് സീറ്റിനു വേണ്ടിയുള്ള മത്സരത്തിലാണ്. അമ്മയാണെന്ന് തോന്നുന്നു രണ്ടു പേരുടേയും പരാതിയും പിണക്കവും ഒരു ചിരിയോടെ കേട്ട് ഒത്തു തീർപ്പാക്കാൻ നോക്കുന്നുണ്ട്.
ദിയക്ക് ബ്രിജിത്താമ്മയെ ഒർമ്മ വന്നു. ഇതളിനും ദിയക്കും ഇടയിലെ കൊച്ചു പിണക്കങ്ങൾ ഒത്തുതീർപ്പാക്കാൻ ബ്രിജിത്താമ്മ മുന്നിൽ ഉണ്ടാവും.
അവരുടെ കണ്ണു കലങ്ങുന്നതിന് മുന്നേ ബ്രിജിത്താമയുടെ കണ്ണും മനസ്സും കലങ്ങിയിട്ടുണ്ടാവും.
ചിലപ്പോൾ ആ സ്നേഹപ്രകടനത്തിനു വേണ്ടി മാത്രം ദിയയും ഇതളും പിണക്കം നടിക്കാറുണ്ട്.
പറ്റിച്ചതാണെന്നറിയുമ്പോൾ ബ്രിജിത്താമ്മ കൊച്ചു കുട്ടികളെ പോലെ പരിഭവം നടിക്കും.
ബ്രിജിത്താമ്മ കൂടുതൽ സ്നേഹം കാണിക്കുമ്പോൾ എന്റെ മമ്മിയാണെന്ന് പറഞ്ഞ് ഇതൾ കുശുമ്പുകുത്തും.
വർഷങ്ങൾക്കിപ്പുറം ബ്രിജിത്താമ്മയെ എങ്ങനെ അഭിമുഖീകരിക്കണം എന്നറിയാതെ ദിയയുടെ മനസ്സുഴറി.
🍁🍁🍁🍁
പെങ്ങളെ ജങ്ഷനെത്തി.
കാടു കേറിയ ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത് കണ്ടക്‌ടറുടെ ശബ്ദമാണ്.
എന്താ ഇവിടെ?
അങ്ങോട്ടു ബസ്സുപോവില്ല പെങ്ങളെ സ്കൂൾ മുക്കിൽ എന്തോ സമരമാണ്.
'ഓ സമരമുക്ക്'
ഈ നാട്ടുകാരിയാണോ?
അതെ എന്നു പറഞ്ഞപ്പോൾ കണ്ടക്ടർ ഗൗരവം വിട്ട് പുഞ്ചിരിച്ചു.
🍁🍁🍁
ഇടവഴി കഴിഞ്ഞുള്ള സൂചിപ്പുല്ലുകൾക്ക് പൊക്കം വച്ചിട്ടുണ്ട്.
സൂചിപ്പുല്ലുകളുടെ മഞ്ഞ നിറത്തിനു കാരണം ഗ്രീഷ്മത്തിൽ അവയിൽ സ്വർണ്ണം പൂക്കുന്നതു കൊണ്ടാണെന്നാണ് ഇതളിന്റെ കണ്ടെത്തൽ
🍁🍁🍁
എടീ പൊട്ടത്തി ഒന്ന് വേഗം വാ
ശിവരാമേട്ടൻ എത്തണ മുന്നേ തോട്ടത്തിൽ എത്തണം.
ഓ.. എന്തിനാ മൂപ്പര്ടെ തോട്ടത്തിലെ സപ്പോട്ട കട്ടില്ലേൽ ലോകം അവസാനിക്കോ?
അവൾക്കൊപ്പം സൈക്കിൾ ചവിട്ടി എത്താൻ പറ്റാത്തതിൽ കെറുവിച്ച് ദിയ പറഞ്ഞു.
ചിലപ്പോൾ.
കക്കരുത് എന്ന് പറഞ്ഞാൽ കക്കണം.
തോളൊപ്പം വെട്ടി ഒതുക്കിയ മുടി ഇളക്കി ഇതൾ കണ്ണിറുക്കി ചിരിച്ചു.
തോട്ടത്തിൽ കയറിയ കള്ളികളെ ശിവരാമേട്ടൻ കയ്യോടെ പിടിച്ചു. എന്നാൽ വഴക്കിനു പകരം ഇതുപോലെ എന്നും ഒരുമിച്ചുണ്ടാവണമെന്ന് അനുഗ്രഹിച്ച് വിട്ടു.
ഇതേ ശിവരാമേട്ടനാണ് മറ്റൊരിക്കൽ കുട്ടികൾ എപ്പോഴും ഒരുമിച്ചാണ് ശ്രദ്ധിക്കണമെന്നു പറഞ്ഞ് ബ്രിജിത്താമ്മയുടെ നെഞ്ചിലെ നെരിപ്പോടിൽ തീ കൂട്ടിയത്.
ഇന്ന് വീണ്ടും തലയെടുപ്പോടെ നിൽക്കുന്ന സൂചിപ്പുല്ലുകളെ കണ്ടപ്പോൾ പഴയ കൗമാരക്കാരിയുടെ കുറുമ്പോടെ ഇതൾ മുന്നിൽ വന്നെങ്കിലെന്ന് ദിയ ആഗ്രഹിച്ചു. ഒന്നും പഴയതുപോലെ ആവില്ല എന്നറിഞ്ഞിട്ടു കൂടി. കാലം അവരിലെ ചിരിക്കാനുള്ള കഴിവിനെ പോലും അപഹരിച്ചിരുന്നു.
🍁🍁🍁🍁🍁🍁🍁🍁🍁
മുറ്റത്തെല്ലാം കാടുപിടിച്ചിട്ടുണ്ട്. കരിങ്കൽ ചുമരിലേക്കും കാട്ടുവള്ളികൾ പടർന്നു കേറിയിട്ടുണ്ട്.
ആരാ ?
മുണ്ടും ബ്ലൗസ്സും ധരിച്ച് അല്പം പ്രായം ചെന്ന സ്ത്രീ കയ്യാലയോട് ചേർന്നുള്ള പടികടന്ന് അകത്തേക്കു വന്നു.
ബ്രിജിത്താമ്മ ഇല്ലേ?
കുഞ്ഞ് ഈ നാട്ടുകാരിയല്ലെ?
എന്തേ?
ബ്രിജിത്താമ്മ മരിച്ചിട്ട് കുറച്ചായി.
വീണു പോകാതിരിക്കാൻ ദിയ അരഭിത്തിയിൽ പിടിച്ചു നിന്നു.
ഒളിച്ച് വക്കാൻ നോക്കിയിട്ടും ഉള്ളിലെ കൊടുങ്കാറ്റ് കണ്ണീരായി പുറത്തുവന്നു.
ഈ കുടുംബവുമായി നല്ല അടുപ്പമായിരുന്നല്ലേ.
അവരുടെ കണ്ണിൽ സഹതാപം നിഴലിച്ചു.
ബ്രിജിത്തക്ക് വയ്യായിരുന്നു.
മനസ്സുകൊണ്ടും ശരീരം കൊണ്ടും.
ആ കുഞ്ഞ് പോയ ശേഷം ആരോടും മിണ്ടാതെ വീട്ടിനാത്ത് ഒതുങ്ങിക്കൂടി. പാവം.
അവർ പോയ ശേഷം കുറച്ച് നേരം കൂടി ദിയ ഉമ്മറപ്പടിയിൽ ഇരുന്നു.
അന്നീ ഉമ്മറപ്പടിയിൽ വച്ചാണ് ഇതളിനെ അവസാനമായി കണ്ടത്.
ഈ കല്യാണം നീ ആലോചിച്ചെടുത്ത തീരുമാനമാണോ?
ചോദിക്കുമ്പോൾ ഇതളിന്റെ കണ്ണു നിറഞ്ഞിരുന്നു.
അതെ എന്നു പറഞ്ഞപ്പോൾ തല താഴ്ത്തി അരഭിത്തിയിൽ ഇരുന്നു.
എന്നെ പേടിച്ചിട്ടാണോ?
അല്ലെന്നോ ആണെന്നോ പറഞ്ഞില്ല
അല്ലെന്നു പറഞ്ഞാൽ കളവാകും
ഭയന്നിരുന്നു,
ഈ അടുത്തായി ഇതളിന്റെ കണ്ണുകളെ പോലും.
പോകാൻ നേരം വേദനയൊളിപ്പിച്ച ചിരിയുമായി ഇതളെന്റെ കയ്പിടിച്ചു.
എനിക്ക് എങ്ങനെ എന്നെ മനസ്സിലാക്കിക്കണമെന്ന് അറിയില്ല ദിയ.
നിന്നോടും ഈ ലോകത്തോടും
ഒന്നറിയാം നീ എനിക്കേറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നു.
പുറത്തെ ഇരുളിലേക്കിറങ്ങുമ്പോൾ ഇതൾ അരഭിത്തിയിൽ തല കുനിച്ചിരിക്കുന്നുണ്ടായിരുന്നു. അകത്തെ വാതിലിൽ ബ്രിജിത്താമ്മ ചാരി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളെക്കാൾ മുന്നേ ആ കണ്ണും മനസ്സും കലങ്ങിയിരുന്നു.
🍁🍁🍁🍁🍁🍁🍁🍁🍁
ഇതളിന്റെ പുസ്തകങ്ങളെ,
ചുമരിൽ തൂക്കിയിട്ട ചിത്രങ്ങളെ, വസ്ത്രങ്ങളെ,
ആ മുറിയെത്തന്നെ മാറാല വിഴുങ്ങിയിരുന്നു.
പഴയതിന്റെ ശേഷിപ്പുകൾ
മേശയിൽ വച്ചിരുന്ന ഡയറിയുടെ ആദ്യ താളുകളിൽ ഇതൾ എന്തോ കുറിച്ചിട്ടിരുന്നു.
തൊട്ടപ്പോൾ ദിയക്ക് അക്ഷരങ്ങൾ പൊള്ളുന്നതായ് തോന്നി.
ഒരിക്കൽ കൂടി നിനക്കൊപ്പം സൂചിപ്പുല്ലുകളെ ചുവപ്പിച്ച സായാഹ്നം കാണണം.
പാറക്കെട്ടിനു മുകളിൽ കേറി ഉറക്കെപ്പാടണം.
ഒരു മഴ നനയണം.
ഒരു വെയിൽ കൊള്ളണം.
ഇനി ഒരിക്കലും സാധിക്കില്ലെങ്കിൽ കൂടി ഈ ഉമ്മറപ്പടിയിൽ, ഇടവഴിയിൽ നിന്റെ കയ് പിടിച്ച് നടക്കണം.
മറുപടി കത്ത് ഉള്ളിൽ വച്ച് ദിയ ഡയറി അടച്ചു.
ഉറങ്ങുമ്പോൾ ഇതളിന്റെ കത്തിലെ പ്രത്യാശയുടെ ജാലകത്തിലൂടെ നിലാവ് അകത്തു കടന്നു.
അകത്തു കടന്ന് കൈത്തണ്ടയിൽ നിന്നൂർന്നിറങ്ങിയ രക്തത്തിലൂടെ ദിയയുടെ പ്രാണന് ശരി തെറ്റുകൾക്കപ്പുറമുള്ള താഴ്വരയിലേക്ക് വഴികാണിച്ചു.
അവിടെ പുൽത്തകിടിൽ ഇതളിന്റെ ആത്മാവ് കാത്തിരിക്കുന്നുണ്ടായിരുന്നു.
quote ref. Rumi (Masnavi)

മികച്ച അവതരണം.. keep going ...
മറുപടിഇല്ലാതാക്കൂThank you😍👍
ഇല്ലാതാക്കൂഅടിപൊളി
മറുപടിഇല്ലാതാക്കൂ🙏😊
ഇല്ലാതാക്കൂSpr..keep going👍
മറുപടിഇല്ലാതാക്കൂThanks ഫോർ reading 😊
ഇല്ലാതാക്കൂGood one dear
മറുപടിഇല്ലാതാക്കൂ😊😊
ഇല്ലാതാക്കൂ