മാര


ഇടമുറിയാതെ മഴപെയ്യാൻ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു ദിവസമാകുന്നു.

ജയിലഴിയിലൂടെ ഇരച്ചു കയറിയ തണുപ്പ് മാരയുടെ നെഞ്ചിലെ കനൽക്കാറ്റിൽ തട്ടി പൊള്ളി അടർന്നു തെറിച്ചു.


തണുത്ത തറയിൽ കൂനിക്കൂടിയിരുന്ന

ആ ചെറുപ്പക്കാരനെ വലിച്ചെഴുന്നേൽപ്പിച്ച് പോലീസുകാരൻ നാഭി ലക്ഷ്യമാക്കി തൊഴിച്ചു.

കറുത്ത ചുരുണ്ട മുടിയിൽ പിടിച്ചു വലിച്ച് തല കമ്പിയിലടിച്ചു.

വേച്ചു വീഴാൻ പോകുന്നതിനിടയിൽ അവൻ അവ്യക്തമായി വൈഗ എന്നു വിളിച്ചു.

അവൻ്റെ ഓർമ്മകളിൽ ചാക്കിൽ കെട്ടി അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിൽ ഒരു സ്ത്രീരൂപം തെളിഞ്ഞു വന്നു. 


തിരിച്ചറിയാൻ പറ്റാത്തവിധം കൂർത്ത കമ്പി കൊണ്ട് മാംസം കീറിപ്പൊളിച്ചിരുന്നു.


മാറിടം ഛേദിച്ചിരുന്നു.


രക്തം കറുത്തപ്പശയായ് ഓടയിൽ ഒട്ടിപ്പരന്നൊഴുകിയിരുന്നു.

നിലത്തു വീഴുന്നതിനിടയിൽ അവൻ ഒരിക്കൽക്കൂടി വിളിച്ചു.

വൈഗ...


"ഓയ് "


കണ്ണെത്താ ദൂരത്തോളം ഒഴുകിപ്പരന്ന ചോല വനത്തിനിടയിൽ നിന്നും അവൾ വിളി കേട്ടു .

ഓടി വന്നു അനുവാദം ചോദിക്കാതെ മടിയിൽ തല ചായ്ച്ചു കിടന്നു.

മൂക്കിന് തുമ്പിൽ മുത്തു പോലെ ഉരുണ്ടുകൂടിയ വിയർപ്പുതുള്ളി വെള്ളാരം കല്ലു പോലെ തിളങ്ങുന്നുവെന്ന് ചെവിയിൽ പറഞ്ഞപ്പോൾ ഉറക്കം നടിച്ചു കിടന്ന മുഖത്ത് നേർത്ത ചിരി വിരിഞ്ഞു.


....

"എന്തായി അവൻ വല്ലോം സമ്മതിച്ചോ "


വെളുത്ത് തടിച്ച ഒരു മധ്യവയസ്കൻ ഇൻസ്പെക്ടറിനു മുന്നിലുള്ള കസേരയിൽ അധികാരത്തോടെ ഇരുന്നു.


"ഇന്നലെ മുതൽ പെരുമാറുന്നതാ

ആ കഴുവേറി ഇതുവരെ വാ തുറന്നിട്ടില്ല. "


അമർഷം തീർക്കാൻ ഇൻസ്പെക്ടർ നിലത്ത് വീണു കിടന്നിരുന്ന മാരയെ വലിച്ചെഴുന്നേൽപ്പിച്ച് ഇരുചെവികളുമടച്ച് അടിച്ചു.

അടിയുടെ ഊക്കിൽ മാര നിലത്തു കമഴ്ന്നു വീണു.

കടവായിലൂടെ രക്തം കിനിഞ്ഞു.

മധ്യവയസ്കൻ നിലത്തു ചുരുണ്ടു കിടക്കുന്ന മാരക്കടുത്തായി കസേരയിട്ടിരുന്നു.

മാരയുടെ ശരീരത്തെ പല തവണ കുത്തിക്കീറാനുപയോഗിച്ച കൂർത്ത കമ്പി കൊണ്ട് രക്തം കട്ടപിടിച്ചു കിടന്നിരുന്ന മുടി വകഞ്ഞു മാറ്റി മുഖത്തവഞ്ജയോടുകൂടി ഉറ്റുനോക്കി.


"ഉള്ളതു സമ്മതിച്ച് മാപ്പുസാക്ഷിയായാൽ നിനക്കു കൊള്ളാം.

നിൻ്റെ കൂട്ടരുടെ അവസ്ഥകണ്ടില്ലെ. എങ്ങാനും ചുരുണ്ടുകൂടണ്ട പട്ടികൾ ന്യായം പഠിപ്പിക്കാൻ വന്നിരിക്കുന്നു. "


അയാളുടെ മുഖത്തെ വെറുപ്പിൽ കുതിർന്ന പരിഹാസം കണ്ടപ്പോൾ മാര ചിരിച്ചു.


"ചിരിക്കുന്നോടാ നായേ"


വേദനയെ വെല്ലുവിളിച്ച് മാരയുടെ കണ്ണിൽ തെളിഞ്ഞ കനലിനോടുള്ള അമർഷത്തിൽ അയാൾ കയ്യിലിരുന്ന കൂർത്ത കമ്പി മാരയുടെ കൈപ്പത്തിയിൽ കുത്തിയിറക്കി.


ഈ വെറുപ്പും അമർഷവും മാര മുമ്പും കണ്ടിട്ടുള്ളതാണ്.


പൊതുയിടങ്ങളിൽ, മറ്റുള്ളവർക്ക് ഒപ്പം നടക്കാനും ഇരിക്കാനും ജീവിക്കാനും ശ്രമിക്കുമ്പോൾ, അവകാശങ്ങൾക്കു വേണ്ടി വാദിക്കുമ്പോൾ, തലയുയർത്തി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ,


 രണ്ടടി പുറകോട്ട് മാറി നിൽക്കാൻ നിർബന്ധിതനാക്കുന്ന പരിഹാസത്തിൽ പൊതിഞ്ഞ വെറുപ്പിൻ്റെ കൂർത്ത നോട്ടങ്ങളിൽ.

പ്രതികരിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട കറുപ്പനും ബാവക്കും മുകളിലേ ഷൂസിട്ട കാലുകളിലും ആർപ്പു വിളിച്ച കൂട്ടത്തിനുമിടയിൽ, 

പത്രത്താളുകളിൽ ഒളിപ്പിക്കപ്പെട്ട ഒറ്റക്കോളം വാർത്തയിൽ, 

 

ഒടുവിൽ ചോലവനത്തിലൂടെ വൈഗയെ വലിച്ചിഴച്ചുകൊണ്ടുപോയവരുടെ കണ്ണിൽ '


"പന്ന കഴുവേറി തുറിച്ചു നോക്കുന്നോ "


ഓഫീസർ കയ്യിലിരുന്ന കമ്പി മാരയുടെ കഴുത്തിലമർത്തി.


"ചേറിലേയും അഴുക്കുചാലിലേയും പുഴുക്കൾക്കുള്ളതല്ലാ ഈ ലോകം

അതിനു മോഹിച്ചാൽ ഇതാവും അവസ്ഥ

തെണ്ടി വർഗ്ഗം "

അയാൾ പല്ലിറുമ്മി


"നിങ്ങൾ ഞങ്ങളുടെ ഇനത്തെ ആട്ടിയോടിച്ചു , ആത്മാവിനെ ചൂഴ്ന്നെടുത്തു , സ്വത്വത്തെ അപഹരിച്ചു,,,

ഇപ്പോൾ ഞങ്ങളിലെ നിസ്സഹായതയേയും ഭയക്കുന്നു. "


മാര ചിരിച്ചു.


ചിരി ചുവരിൽ തട്ടി പല മടങ്ങായി പ്രതിധ്വനിച്ചു.

കടവായിലൂടെ ഒലിച്ചിറങ്ങിയ രക്തം അവൻ പുറത്തേക്കു തുപ്പി

അവനു മുന്നിൽ വൈഗയും കറുപ്പനും ബാവയും ചേറിൽ കിടന്നു പുഴുക്കളെ പോലെ പുളഞ്ഞു

ശ്വാസം കിട്ടാതെ പിടഞ്ഞു.

ഇൻസ്പെകടറും ഓഫീസറുമുൾപ്പെടുന്നൊരാൾക്കൂട്ടം കരയ്ക്കിരുന്നട്ടഹസിച്ചു.


മാര മുരണ്ടു


"തെണ്ടി വർഗ്ഗം"


ഓഫീസറുടെ കയ്യിലെ കമ്പി തട്ടിപ്പറിച്ച് അയാളുടെ കഴുത്തിൽ കുത്തിയിറക്കുമ്പോഴും മാര പല്ലിറുമ്മി, മുരണ്ടു,

തെണ്ടി വർഗ്ഗം.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കല്ലൂട്ടി പാറ

ഓർമ്മക്ക്